തിരുവനന്തപുരം: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്.
ഷെറിന് അടക്കം 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനിടെ തന്നെ ഷെറിന് ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവന് വിഷയത്തില്‍ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, ഷെറിന് അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശിപാര്‍ശ ഗവര്‍ണര്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന് ഏര്‍പ്പെടുത്തി. ശിപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിക്കുകയായിരുന്നു.
2009 നവംബർ ഏഴിനാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.